ആത്മഹത്യ ഒന്നിനും പരിഹാരമല്ല !

0 1,744

ആത്മഹത്യ ഒന്നിനും പരിഹാരമല്ല ! പക്ഷേ അതാണു ശാശ്വത പരിഹാരമെന്നു വിശ്വസിക്കുന്നവർ തരുന്ന മുന്നറിയിപ്പുകളെ അവഗണിക്കരുത്‌!!

woman-depression
എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും അവരുടെ ജീവിതത്തിൽ ആത്മഹത്യയെപ്പറ്റി നൈമിഷികമായെങ്കിലും ചിന്തിച്ചിട്ടുണ്ടാവാം എന്നാണ് റിസേർച്ചുകൾ പറയുന്നത്. ഈ പോസ്റ്റെഴുതാനുള്ള കാരണം ഒരു എഴുത്തുകാരിയായിരുന്ന 26 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മരണമാണ്. അവൾ ആഴ്ച്ചകൾക്കുമുൻപെഴുതിയ ഒരു കഥയിൽ ഒരു പെൺകുട്ടി തൂങ്ങിമരിക്കുന്നതും അവളെ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്നതും അവൾ ജീവനായി സ്‌നേഹിച്ച ഒരാൾ ആ മൃത ശരീരം കാണാൻ വന്നിട്ടു ഉറക്കെ കരഞ്ഞിറങ്ങിപ്പോകുന്നതുമൊക്കെ ഭംഗിയായി വിവരിച്ചിട്ടുണ്ട്. ആ കഥ എഴുതുന്നത് ഈ പെൺകുട്ടിയാണെങ്കിലും കഥാനായകന്റെ അഥവാ അവളെ ചതിക്കുന്ന ആളുടെ ആത്മഗതങ്ങളാണ് അതിലെ ഇതിവൃത്തം. ഒടുവിൽ അവൻ ഇങ്ങനെ പറയുന്നു: ‘ആരും ഒന്നും അറിഞ്ഞിട്ടില്ല.. ഇനിയൊട്ട് അറിയുകേം ഇല്ല.. അഭിനയിച്ച വേഷങ്ങളും മുഖം മൂടിയും അഴിച്ച് വച്ച് ഒച്ചയില്ലാതെ പൊട്ടിച്ചിരിക്കുമ്പോൾ അവളുടെ അവസാന വാക്കുകൾ അയാൾക്ക് ഓർമ്മ വന്നു.. “ഒരിക്കൽ എല്ലാം വേണ്ടാന്നു വച്ചതായിരുന്നു ….വീണ്ടും വന്ന്, എന്റെ ഹൃദയത്തിൽ സ്വപ്നങ്ങൾ നട്ടു വളർത്തീട്ട്……..എന്നെ നിങ്ങൾ ചതിക്ക്വാരുന്നു , അല്ലേ വിന്വേട്ടാ”.

ഇതു വായിച്ചപ്പം മുതൽ മനസ്സിനൊരു സമാധാനവുമില്ല കാരണം അവൾ ഒരു എഴുത്തുകാരിയായതുകൊണ്ട് ഒത്തിരി പേര് ഈ വാർത്ത അറിഞ്ഞു. പക്ഷേ, എത്രയോ പെൺകുട്ടികളും ആൺകുട്ടികളും ആരോടും ഒരു വാക്കുപോലും പറയാതെ എന്തെല്ലാം കാരണങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു! ഈ കുട്ടിയുടെ ആത്മഹത്യയെ തൃണവൽക്കരിക്കുകയോ പർവ്വതീകരിക്കുകയോ അല്ല. എല്ലാ ഇത്തരം പ്രവണതകളും നമുക്ക് തടയാൻ പറ്റിയെന്നും വരില്ല. പക്ഷേ, ഒരു കാര്യം സത്യമാണ്. ഈ കുട്ടിയുടെ അനേകം പോസ്റ്റുകളുണ്ടായിരുന്നു അവളുടെ ആസന്നമായ മരണത്തെ വിളിച്ചറിയിക്കുന്നവ. അവളുടെ ഭാവനകളിൽ ഉരുത്തിരിഞ്ഞതെല്ലാംതന്നെ അവളുടെ സ്വന്തം ജീവിതാനുഭവങ്ങളായിരുന്നു. അവളുടെ കവിമനസ്സിനെ പ്രോൽസാഹിപ്പിച്ചതിനോടൊപ്പം ഒരാളെങ്കിലും വ്യക്തിപരമായി ആ കുട്ടിയോട് സംസാരിച്ചിരുന്നോ എന്നറിയില്ല. കാരണം, ജീവിത യാഥാർഥ്യങ്ങൾ അവൾ കുറിച്ചുവെക്കുംബോഴും അവൾപോലും അറിയാതെ സഹായത്തിനായുള്ള ഒരു കരച്ചിൽ ആ എഴുത്തുകളിലുണ്ട്. ആത്മഹത്യക്കൊരുങ്ങുന്ന ഒട്ടുമുക്കാൽ ആളുകളും തൊട്ടുമുൻപേ ഒരു കച്ചിത്തുരുമ്പിൽ പിടികിട്ടാൻവേണ്ടി ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ് പല ഹോസ്സ്പിറ്റലുകളിലും “suicide hotline” എന്ന ഒരു പ്രത്യെക സംവിധാനംതന്നെ ഉള്ളത്. അമേരിക്കൻ മിലിറ്ററി ഹോസ്സ്പിറ്റലിൽ ജോലി ചെയ്യുന്നതുകൊണ്ട് ഇത്തരം അനുഭവങ്ങൾ മിക്കവാറും നേരിടേണ്ടി വന്നിട്ടുണ്ട്. യുദ്ധഭൂമിയിലെ ഓർമ്മകൾമൂലമുണ്ടാകുന്ന Post Traumatic Stress Disorder (PTST) ആണ് ഇവിടുത്തെ കാരണം. പോലീസിനെ വിളിച്ച് അവർ ആ വ്യക്തിയുടെ മുൻപിൽ ഹാജരാവുന്നതുവരെ അവരുമായി ഫോണിൽ നിൽക്കുകയാണ് ആ ഹോട് ലൈൻ പിക് ചെയ്യുന്ന ആളുടെ ഉത്തരവാദിത്തം. ദിവസേന എത്രയോ ആത്മഹത്യകൾ തടയപ്പെടുന്നു ഈ ഒരു സൗകര്യത്തിൽകൂടെ!

untitled191

-advirtisement-

എന്റെ നഴ്സിങ് പഠന സമയത്ത് എനിക്ക് മറ്റൊരനുഭവം ഉണ്ടായിട്ടുണ്ട്. ആ ബാച്ചിലേക്കും നല്ല കുട്ടിയായിരുന്നു അവൾ. വെറും രണ്ട് മുറികൾക്കപ്പുറമായിരുന്നു അവളുടെ മുറി. പലപ്പോഴും പല സങ്കടങ്ങളും അവൾ പങ്ക്‌വെച്ചിട്ടുണ്ട്. എന്നാൽ, ആ ദിവസം ഞങ്ങൾ ഇന്റേൺഷിപ് ചെയ്യാനായി ഒരു ദൂരസ്ഥലത്തായിരുന്നു. അന്ന് കേട്ട വാർത്ത ആ കുട്ടി 100 % കത്തിമരിച്ചു എന്നാണ്. എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരി പറഞ്ഞു: തലേ ദിവസം രാത്രിയിൽ ആ കുട്ടി അവളുടെ അടുത്തു ചെന്നിരുന്നു എന്നും സങ്കടങ്ങളൊക്കെ പറയാനൊരുങ്ങിയെന്നും അവൾക്കു പിറ്റേദിവസം ഒരു ടീച്ചിങ് ആയിരുന്നത്കൊണ്ട് നാളെ സംസാരിക്കാമെന്നുപറഞ്ഞുവിട്ടു എന്നുമൊക്കെ. ഇന്നും ആ കുട്ടിയെ കേൾക്കാതെപോയതിന്റെ വിഷമം അവൾക്കുണ്ട്. കാരണം ആ കുട്ടി ഒരു മനോരോഗി അല്ലായിരുന്നു പക്ഷേ അവളുടെ ചെയ്തിക്ക് പിന്നിൽ ഒരു കാരണമുണ്ടായിരുന്നു. മറ്റൊരു സ്ഥലത്ത് മനോരോഗം മൂലം ഒരു വർഷംതന്നെ 4 പ്രാവശ്യം പല തരത്തിൽ ആത്മഹത്യക്കു ശ്രമിച്ച ഒരു നഴ്സിങ് സ്റുഡന്റും എനിക്കുണ്ടായിരുന്നു. അവൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.

ആത്മഹത്യക്കു പല കാരണങ്ങളുണ്ട്. തകർന്ന ബന്ധങ്ങൾ, ഭൂതകാല കുറ്റബോധങ്ങൾ,ഉടഞ്ഞുപോയ ആത്മാഭിമാനം, ജോലി ഇല്ലായ്മ, മനോരോഗങ്ങൾ, ആത്മഹത്യ ചെയ്ത കുടുംബ പാരമ്പര്യം , ഏകാന്തത, സാമൂഹ്യ ഒറ്റപ്പെടൽ, മോഹഭംഗങ്ങൾ, ബുള്ളിയിങ്/റാഗിംഗ്, ചില ഈറ്റിംഗ് ഡിസോർഡേഴ്സ്, ഡ്രഗ് അഡിക്ഷൻ ഇവയൊക്കെ ചിലതു മാത്രം. ചിലർക്ക്, ഒരു നിമിഷത്തെ സ്വാന്തനം മതിയാകും, പലതരം ദുഖങ്ങൾകൊണ്ട് ഡിപ്രഷൻ ബാധിച്ചുപോയ ഒരാൾക്ക് ചിലപ്പോൾ നാളുകളായുള്ള കൗൺസിലിങ് ആവശ്യമായെന്നു വരാം. മരുന്നുകളും വേണ്ടിവന്നേക്കാം. ഇതിനെല്ലാം അപ്പുറം സൈക്കോസിസ് എന്ന ഒരു അവസ്ഥയുണ്ട്. അതൊരു മാനസികരോഗമാണ് എന്നാൽ സമയത്ത് ചികിൽസിച്ചാൽ നന്നായി നിയന്ത്രിക്കാൻ പറ്റും.

ആത്മഹത്യാപ്രവണതയുടെ ലക്ഷണങ്ങൾ സമയത്ത്തന്നെ തിരിച്ചറിയണ്ടതു അത്യന്താപേക്ഷിതമാണു. അമിതമായ സങ്കടം/ദുഖം, ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയില്ലായ്മ, ഉറക്കമില്ലായ്മ, ഡിപ്രഷന്റെ ഭാഗമായി പെട്ടെന്നു കൈവരിക്കുന്ന ശാന്തത/മൗനം, സുഹ്രുത്തുക്കളിൽനിന്നും ബന്ധുമിത്രാദികളിൽനിന്നുമെല്ലാമുള്ള മാനസികമായ ഒളിച്ചോട്ടം, സ്വയം ഉപദ്രവിക്കുന്ന സ്വഭാവം ( ഉദാ: അശ്രദ്ധമായുള്ള ഡ്രൈവിംഗ്‌, മദ്യപിച്ചിട്ടുള്ള ഡ്രൈവിംഗ്‌), പെട്ടെന്നുണ്ടാകുന്ന ജീവിത പ്രതിസന്ധികളോടുള്ള പൊരുത്തക്കേടുകൾ ഇവയൊക്കെ നാം ഗൗരവമായി കാണേണ്ടതാണു. ആത്മഹത്യെപ്പറ്റി ചിന്തിക്കുന്നവരിൽ 50% മുതൽ 75% വരെ ആളുകളും ബന്ധുക്കൾക്കൊ കൂട്ടുകാർക്കൊ എതെങ്കിലുമൊരുതരം മുന്നറിയിപ്പു തന്നിരിക്കും ( വെബ്‌ എംഡി). സ്കൂൾകുട്ടികളിലും ആത്മഹത്യയുടെ നിരക്കു കൂടുതലാണു.അതുകൊണ്ട്‌ കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന എന്തു മാറ്റങ്ങളും മാതാപിതാക്കൾ പ്രത്യേകാൽ ശ്രദ്ധിക്കേണ്ടതാണു.

123

ചുരുക്കം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നാൽ ചിലർക്ക് അവരുടെ ശരിയാണ് ഏറ്റവും വലിയ സത്യം. ആ ശരിയെ ലോകത്തിലൊരു ശക്തിയും തെറ്റാണെന്നു പറഞ്ഞാൽ അവർക്കു ഗ്രഹിക്കത്തുമില്ല. അതിന്റെ കാരണമെന്താണെങ്കിലും ആ വ്യക്തിയെ അറിയുന്ന, സ്‌നേഹിക്കുന്ന എല്ലാവർക്കും അയാളെ ഉപദേശിച്ചോ സ്‌നേഹിച്ചോ ചികില്സിപ്പിച്ചൊ അതിൽനിന്നും പിന്തിരിപ്പിക്കുന്നതിൽ ഒരു റോളുണ്ട്. പുതിയ ആത്മീയ കാഴ്ച്ചപ്പാടുകൾ അടിച്ചേൽപ്പിക്കാതെ അവരുടെ കാഴ്ച്ചപ്പാടിന്റെ ചുറ്റും നിന്നുകൊണ്ടുതന്നെ യുക്തിപരമായൊ വേദപരമായൊ ദൈവീകമായതൊ ആയ ഉപദേശങ്ങൾ കൊടുക്കാം. ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹം പലരും വാക്കുകളിൽത്തന്നെ വെളിപ്പെടുത്തിയിരിക്കും. എങ്കിലും,രക്ഷിക്കണേ എന്നൊരു നിലവിളികൂടെ അതിലുണ്ട്‌. ചിലർ അവരുടെ പ്ലാൻ പോലും പറയാറുണ്ട്. നല്ലൊരുപങ്ക് ആത്മഹത്യകളും തടയാവുന്നവയാണെന്നതാണ് സത്യം!!!!!!!! ചത്തുകളയും എന്നു പറയുന്ന തുടർമാനമായുള്ള ഓർമ്മപ്പെടുത്തലുകൾ ഒരിക്കലും അവഗണിക്കരുത്. ചാകുന്നവർ ചാവട്ടെ എന്ന് പറഞ്ഞൊഴിയുന്നവർ ഒന്നു മനസ്സിലാക്കണം. അതു സ്വന്തം മക്കളോ, മാതാപിതാക്കളോ, അടുത്ത സുഹൃത്തുക്കളോ ആവാം. അന്ന് ഒരു ആത്മഹത്യ മറ്റൊന്നിനെ ഉളവാക്കാതിരിക്കട്ടെ!

-advirtisement-

-advirtisement-

-advirtisement-

Loading...